കൊച്ചി: ട്രെയിനിലോ റെയില്‍വേ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും അവര്‍ക്കെതിരേ കേസെടുക്കാനും റെയില്‍വേയ്ക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നു ഹൈക്കോടതി.
ട്രെയിനിലും സ്റ്റേഷനിലും പൊതുസമാധാനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്നു വിലയിരുത്തിയാണ് 1989ലെ റെയില്‍വേ നിയമത്തിലെ 145(എ) വകുപ്പിന്റെ സാധുത ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ശരിവച്ചത്.
മദ്യപിച്ച നിലയില്‍ കാണുന്നവരെ നീക്കം ചെയ്യാനുള്ള ദക്ഷിണ റെയില്‍വേയുടെ ഉത്തരവ് ചോദ്യം ചെയ്തു ട്രാവല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ കൊച്ചിയിലെ കെ.എന്‍. ശാസ്ത്രി നല്കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.
മദ്യപിച്ചനിലയില്‍ എന്നതിനു കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബ്രെത്തനലൈസറുകള് ഉപയോഗിച്ചു മദ്യപിച്ച യാത്രക്കാരെ പിടികൂടുന്ന നടപടിയെയും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, യാത്രക്കാരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമാണ് മുന്‍ഗണനയെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു. ട്രെയിനില്‍നിന്നു വീണുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും മദ്യപരുടെ ഭീഷണിയുണ്ടാകുന്നുണ്ട്. ബ്രെത്ത്അനലൈസര്വഴി പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ മെഡിക്കല്‍ പരിശോധനകൂടി നടത്തി മാത്രമേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും റെയില്‍വേ വ്യക്തമാക്കി.
മദ്യപിച്ച ഒരാളെ ട്രെയിനില്‍നിന്നോ സ്റ്റേഷനില്‍നിന്നോ മാറ്റുന്നതിനുമുമ്പ് രക്തപരിശോധന വേണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രെയിനിനുള്ളില്‍വച്ച് രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ല. നടപ്പാക്കുന്ന രീതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഒരു നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ല.
ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി പെരുമാറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം 2023 സെപ്റ്റംബര്‍ 14ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ മദ്യപരെ നിയന്ത്രിക്കുന്ന വ്യവസ്ഥ ഏകപക്ഷീയമോ ഭരണഘടനാവിരുദ്ധമോ ആണെന്നു പറയാനാകില്ല. അതിനാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് തള്ളുകയായിരുന്നു.